Muslim99Muslim99
← Tafsir library

6. Al-An'aam

The Cattle · Meccan · 165 ayahs

سُورَةُ الأَنۡعَامِ

Reading Al-Mukhtasar in Interpreting the Noble Qur'an by Tafsir Center for Quranic Studies

Ayahs 111–120 of 165

111

۞ وَلَوْ أَنَّنَا نَزَّلْنَآ إِلَيْهِمُ ٱلْمَلَٰٓئِكَةَ وَكَلَّمَهُمُ ٱلْمَوْتَىٰ وَحَشَرْنَا عَلَيْهِمْ كُلَّ شَىْءٍۢ قُبُلًۭا مَّا كَانُوا۟ لِيُؤْمِنُوٓا۟ إِلَّآ أَن يَشَآءَ ٱللَّهُ وَلَٰكِنَّ أَكْثَرَهُمْ يَجْهَلُونَ

നാം അവരിലേക്ക് മലക്കുകളെ ഇറക്കുകയും, മരിച്ചവര്‍ അവരോട് സംസാരിക്കുകയും, സര്‍വ്വവസ്തുക്കളെയും നാം അവരുടെ മുമ്പാകെ കൂട്ടം കൂട്ടമായി ശേഖരിക്കുകയും ചെയ്താലും അവര്‍ വിശ്വസിക്കാന്‍ പോകുന്നില്ല. അല്ലാഹു ഉദ്ദേശിച്ചെങ്കിലല്ലാതെ. എന്നാല്‍ അവരില്‍ അധികപേരും വിവരക്കേട് പറയുകയാകുന്നു.

അവർ നിർദേശം വെച്ചതെല്ലാം അവർക്ക് നാം നൽകുകയും, അവരുടെ മേൽ നാം മലക്കുകളെ ഇറക്കുകയും, അവരതിന് സാക്ഷികളാവുകയും, മരണപ്പെട്ടവർ അവരോട് സംസാരിക്കുകയും, താങ്കൾ കൊണ്ടുവന്ന സന്ദേശത്തിൻ്റെ സത്യതയെ കുറിച്ച് അവരെ അറിയിക്കുകയും, അവർ നിർദേശം വെച്ചവയെല്ലാം അവർക്ക് നാം ഒരുമിച്ചു കൂട്ടിനൽകുകയും അതെല്ലാം അവർ വീക്ഷിക്കുകയും ചെയ്താലും താങ്കൾ കൊണ്ടുവന്നതിൽ -അവരുടെ കൂട്ടത്തിൽ നിന്ന് സന്മാർഗത്തിലാകണമെന്ന് അല്ലാഹു ഉദ്ദേശിച്ചവരല്ലാതെ- മറ്റാരും തന്നെ വിശ്വസിക്കുന്നതല്ല. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും അക്കാര്യം അറിയാത്തവരാകുന്നു. അതിനാൽ അല്ലാഹു തങ്ങൾക്ക് സന്മാർഗം നൽകണമെന്ന ആഗ്രഹത്തിൽ അവർ അല്ലാഹുവിലേക്ക് അഭയം തേടുകയില്ല.

Al-An'aam 6:111Listen in Qur'an →
112

وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّۭا شَيَٰطِينَ ٱلْإِنسِ وَٱلْجِنِّ يُوحِى بَعْضُهُمْ إِلَىٰ بَعْضٍۢ زُخْرُفَ ٱلْقَوْلِ غُرُورًۭا ۚ وَلَوْ شَآءَ رَبُّكَ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ

അപ്രകാരം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്‌. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോന്യം ദുര്‍ബോധനം ചെയ്യുന്നു. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അത് കൊണ്ട് അവര്‍ കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളുമായി അവരെ നീ വിട്ടേക്കുക.

ഈ ബഹുദൈവാരാധകരെ കൊണ്ട് താങ്കളെ നാം പരീക്ഷിച്ചത് പോലെ താങ്കൾക്ക് മുൻപുള്ള എല്ലാ നബിമാരെയും നാം പരീക്ഷിച്ചിട്ടുണ്ട്. അവരിൽ ഓരോരുത്തർക്കും മനുഷ്യരിലെയും ജിന്നുകളിലെയും ധിക്കാരികളെ നാം ശത്രുക്കളായി നിശ്ചയിച്ചിട്ടുണ്ട്. അവർ പരസ്പരം ദുർബോധനം നടത്തുകയും, അങ്ങനെ വഞ്ചനയിൽ അകപ്പെടുത്തുന്നതിനായി അവർ അസത്യം ഭംഗിയുള്ളതാക്കി തോന്നിപ്പിക്കുകയും ചെയ്യുന്നു. അവരത് പ്രവർത്തിക്കരുതെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരം അവർ ചെയ്യില്ലായിരുന്നു. എന്നാൽ ഒരു പരീക്ഷണമായി അല്ലാഹു അപ്രകാരം സംഭവിക്കണമെന്ന് ഉദ്ദേശിച്ചിരിക്കുന്നു. അതിനാൽ അവരെയും അവർ കെട്ടിച്ചമക്കുന്ന നിഷേധത്തെയും അസത്യത്തെയും നീ അവഗണിച്ചേക്കുക. നീ അവരെ പരിഗണിക്കേണ്ടതേയില്ല.

Al-An'aam 6:112Listen in Qur'an →
113

وَلِتَصْغَىٰٓ إِلَيْهِ أَفْـِٔدَةُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ وَلِيَرْضَوْهُ وَلِيَقْتَرِفُوا۟ مَا هُم مُّقْتَرِفُونَ

പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ മനസ്സുകള്‍ അതിലേക്ക് (ആ ഭംഗിവാക്കുകളിലേക്ക്‌) ചായുവാനും, അവര്‍ അതില്‍ സംതൃപ്തരാകുവാനും, അവര്‍ ചെയ്ത് കൂട്ടുന്നതെല്ലാം ചെയ്ത് കൂട്ടുവാനും വേണ്ടിയത്രെ അത്‌.

അവർ പരസ്പരം ദുർബോധനം നടത്തുന്നതിലേക്ക് പരലോകത്തിൽ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങൾ ചാഞ്ഞു പോകുന്നതിനും, അവർ തങ്ങളുടെ സ്വന്തങ്ങൾക്കായി (ഈ അസത്യം) സ്വീകരിക്കുന്നതിനും, അതിൽ തൃപ്തിയടയുന്നതിനും, അങ്ങനെ അവർ ചെയ്തു കൂട്ടുന്ന തിന്മകളും തെറ്റുകളും അവർ ചെയ്യുന്നതിനുമത്രെ അത്.

Al-An'aam 6:113Listen in Qur'an →
114

أَفَغَيْرَ ٱللَّهِ أَبْتَغِى حَكَمًۭا وَهُوَ ٱلَّذِىٓ أَنزَلَ إِلَيْكُمُ ٱلْكِتَٰبَ مُفَصَّلًۭا ۚ وَٱلَّذِينَ ءَاتَيْنَٰهُمُ ٱلْكِتَٰبَ يَعْلَمُونَ أَنَّهُۥ مُنَزَّلٌۭ مِّن رَّبِّكَ بِٱلْحَقِّ ۖ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ

(പറയുക:) അപ്പോള്‍ വിധികര്‍ത്താവായി ഞാന്‍ അന്വേഷിക്കേണ്ടത് അല്ലാഹു അല്ലാത്തവരെയാണോ? അവനാകട്ടെ, വിശദവിവരങ്ങളുള്ള വേദഗ്രന്ഥം നിങ്ങള്‍ക്കിറക്കിത്തന്നവനാകുന്നു. അത് സത്യവുമായി നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഇറക്കപ്പെട്ടതാണെന്ന് നാം മുമ്പ് വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ക്കറിയാം. അതിനാല്‍ നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്‌.

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവോടൊപ്പം മറ്റുള്ളവരെ ആരാധിക്കുന്ന ഈ ബഹുദൈവാരാധകരോട് പറയുക: എനിക്കും നിങ്ങൾക്കുമിടയിൽ അല്ലാഹുവല്ലാത്ത ഒരു വിധികർത്താവിനെ ഞാൻ സ്വീകരിക്കുക എന്നത് ചിന്തനീയമാണോ?! അല്ലാഹുവാകുന്നു നിങ്ങൾക്ക് മേൽ എല്ലാ കാര്യവും പരിപൂർണ്ണമായി വിശദീകരിക്കപ്പെട്ട ഈ ഖുർആൻ അവതരിപ്പിച്ചത്. നിനക്ക് മേൽ നാം അവതരിപ്പിച്ച ഖുർആൻ സത്യമാണ് ഉൾക്കൊള്ളുന്നത് എന്ന കാര്യം നാം തൗറാത്ത് അവതരിപ്പിച്ചു നൽകിയ യഹൂദർക്കും, ഇഞ്ചീൽ അവതരിപ്പിച്ചു നൽകിയ നസ്വാറാക്കൾക്കും വ്യക്തമായി അറിയാം. കാരണം (ഖുർആൻ സത്യമാണ് എന്നതിനുള്ള) തെളിവ് അവരുടെ ഗ്രന്ഥത്തിൽ അവർ കണ്ടിട്ടുണ്ട്. അതിനാൽ നാം നിനക്ക് സന്ദേശം നൽകിയതിൽ സംശയിക്കുന്നവരിൽ നീ ഉൾപ്പെടാതിരിക്കുക.

Al-An'aam 6:114Listen in Qur'an →
115

وَتَمَّتْ كَلِمَتُ رَبِّكَ صِدْقًۭا وَعَدْلًۭا ۚ لَّا مُبَدِّلَ لِكَلِمَٰتِهِۦ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ

നിന്‍റെ രക്ഷിതാവിന്‍റെ വചനം സത്യത്തിലും നീതിയിലും പരിപൂര്‍ണ്ണമായിരിക്കുന്നു. അവന്‍റെ വചനങ്ങള്‍ക്ക് മാറ്റം വരുത്താനാരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.

വാക്കുകളിലും വൃത്താന്തങ്ങളിലും സത്യസന്ധതയുടെ പരിപൂർണ്ണതയിൽ എത്തിയിരിക്കുന്നു ഈ ഖുർആൻ. അവൻ്റെ വാക്കുകൾ മാറ്റിമറിക്കാൻ ആരുമില്ല. തൻ്റെ അടിമകളുടെ വാക്കുകൾ എല്ലാം കേൾക്കുന്നവനാകുന്നു (സമീഅ്) അല്ലാഹു. അതെല്ലാം അറിയുന്നവനുമാകുന്നു (അലീം) അല്ലാഹു. അവയിലൊന്നും അല്ലാഹുവിന് അവ്യക്തമാവുകയില്ല. അവൻ്റെ വചനങ്ങൾ മാറ്റിമറിക്കാൻ ശ്രമിക്കുന്നവർക്ക് അല്ലാഹു തിക്തഫലം അനുഭവിപ്പിക്കുന്നതാണ്.

Al-An'aam 6:115Listen in Qur'an →
116

وَإِن تُطِعْ أَكْثَرَ مَن فِى ٱلْأَرْضِ يُضِلُّوكَ عَن سَبِيلِ ٱللَّهِ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ

ഭൂമിയിലുള്ളവരില്‍ അധികപേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും നിന്നെ അവര്‍ തെറ്റിച്ചുകളയുന്നതാണ്‌. ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്‌.

അല്ലാഹുവിൻ്റെ റസൂലേ! ഭൂമിയിലുള്ള മനുഷ്യരിൽ അധികപേരെയും താങ്കൾ പിൻപറ്റിയെന്ന് കരുതുക; എങ്കിൽ അല്ലാഹുവിൻ്റെ ദീനിൽ നിന്ന് അവർ താങ്കളെ വഴിതെറ്റിക്കുന്നതാണ്. കുറഞ്ഞ പേരേ സത്യത്തിനോടൊപ്പമുണ്ടാകൂ എന്നത് അല്ലാഹുവിൻ്റെ മുൻകഴിഞ്ഞ നടപടിക്രമമാണ്. ജനങ്ങളിൽ ബഹുഭൂരിപക്ഷവും യാതൊരു അടിസ്ഥാനവുമില്ലാത്ത ഊഹത്തെയാണ് പിൻപറ്റുക. തങ്ങളുടെ ആരാധ്യവസ്തുക്കൾ അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുമെന്ന അവരുടെ ഊഹം പോലെ; യഥാർത്ഥത്തിൽ അക്കാര്യത്തിൽ അവർ കള്ളമാണ് പറയുന്നത്.

Al-An'aam 6:116Listen in Qur'an →
117

إِنَّ رَبَّكَ هُوَ أَعْلَمُ مَن يَضِلُّ عَن سَبِيلِهِۦ ۖ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ

തന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുന്നവന്‍ ആരാണെന്ന് തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന് അറിയാം. നേര്‍വഴിപ്രാപിച്ചവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനും അവന്‍ തന്നെയാണ്‌.

അല്ലാഹുവിൻ്റെ റസൂലേ! ജനങ്ങളിൽ തൻ്റെ മാർഗത്തിൽ നിന്ന് വഴികേടിലായവരെ തീർച്ചയായും അല്ലാഹു ഏറ്റവും അറിയുന്നു. തൻ്റെ മാർഗത്തിലേക്ക് സന്മാർഗം ലഭിച്ചവരെയും അവൻ നന്നായി അറിയുന്നു. അവന് അവയിലൊന്നും ഒരു കാര്യവും അവ്യക്തമാവുകയില്ല.

Al-An'aam 6:117Listen in Qur'an →
118

فَكُلُوا۟ مِمَّا ذُكِرَ ٱسْمُ ٱللَّهِ عَلَيْهِ إِن كُنتُم بِـَٔايَٰتِهِۦ مُؤْمِنِينَ

അതിനാല്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി(ച്ച് അറു) ക്കപ്പെട്ടതില്‍ നിന്നും നിങ്ങള്‍ തിന്നുകൊള്ളുക. നിങ്ങള്‍ അവന്‍റെ വചനങ്ങളില്‍ വിശ്വസിക്കുന്നവരാണെങ്കില്‍.

ജനങ്ങളേ! അറുക്കപ്പെടുന്ന വേളയിൽ അല്ലാഹുവിൻ്റെ നാമം ഉച്ചരിക്കപ്പെട്ടവയിൽ നിന്ന് നിങ്ങൾ ഭക്ഷിച്ചു കൊള്ളുക; അല്ലാഹുവിൻ്റെ വ്യക്തമായ പ്രമാണങ്ങളിൽ വിശ്വസിക്കുന്നവരാണ് നിങ്ങളെങ്കിൽ.

Al-An'aam 6:118Listen in Qur'an →
119

وَمَا لَكُمْ أَلَّا تَأْكُلُوا۟ مِمَّا ذُكِرَ ٱسْمُ ٱللَّهِ عَلَيْهِ وَقَدْ فَصَّلَ لَكُم مَّا حَرَّمَ عَلَيْكُمْ إِلَّا مَا ٱضْطُرِرْتُمْ إِلَيْهِ ۗ وَإِنَّ كَثِيرًۭا لَّيُضِلُّونَ بِأَهْوَآئِهِم بِغَيْرِ عِلْمٍ ۗ إِنَّ رَبَّكَ هُوَ أَعْلَمُ بِٱلْمُعْتَدِينَ

അല്ലാഹുവിന്‍റെ നാമം ഉച്ചരി (ച്ച് അറു) ക്കപ്പെട്ടതില്‍ നിന്ന് നിങ്ങള്‍ എന്തിന് തിന്നാതിരിക്കണം.? നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് അവന്‍ നിങ്ങള്‍ക്ക് വിശദമാക്കിത്തന്നിട്ടുണ്ടല്ലോ. നിങ്ങള്‍ (തിന്നുവാന്‍) നിര്‍ബന്ധിതരായിത്തീരുന്നതൊഴികെ. ധാരാളം പേര്‍ യാതൊരു വിവരവുമില്ലാതെ തന്നിഷ്ടങ്ങള്‍ക്കനുസരിച്ച് (ആളുകളെ) പിഴപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിക്രമകാരികളെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ.

അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിൻ്റെ നാമം ഉച്ചരിക്കപ്പെട്ടവ ഭക്ഷിക്കുന്നതിൽ നിന്ന് എന്താണ് നിങ്ങളെ തടയുന്നത്? അല്ലാഹു നിഷിദ്ധമാക്കിയതിനാൽ നിങ്ങൾ ഉപേക്ഷിക്കൽ നിർബന്ധമായവ ഏതാണെന്ന് അവൻ നിങ്ങൾക്ക് വിശദീകരിച്ചു തന്നിരിക്കുന്നല്ലോ? എന്നാൽ അനിവാര്യ സാഹചര്യം നിങ്ങളെ നിർബന്ധിതരാക്കിയാലൊഴികെ; അത്തരം അനിവാര്യസാഹചര്യങ്ങൾ നിഷിദ്ധവസ്തുക്കളെ അനുവദനീയമാക്കുന്നതാണ്. തീർച്ചയായും ബഹുദൈവാരാധകരിൽ ധാരാളം പേർ തങ്ങളുടെ വിവരമില്ലായ്മയിൽ നിന്ന് ഉടലെടുത്ത നിരർത്ഥകമായ സ്വാഭിപ്രായങ്ങൾ (പറഞ്ഞു) കൊണ്ട് തങ്ങളുടെ അനുയായികളെ സത്യത്തിൽ നിന്ന് അകറ്റുന്നവരാകുന്നു. അങ്ങനെ അല്ലാഹു നിഷിദ്ധമാക്കിയവ അവർ അനുവദനീയമാക്കുന്നു. ശവവും മറ്റും പോലുള്ളവ അവർ അനുവദനീയമാക്കുന്നു. അല്ലാഹു അവർക്ക് അനുവദിച്ചു നൽകിയ ബഹീറയും വസ്വീലയും ഹാമിയും മറ്റുമെല്ലാം അവർ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും അല്ലാഹുവിൻ്റെ അതിർവരമ്പുകൾ വിട്ടുകടക്കുന്നവരെ കുറിച്ച് അല്ലാഹു ഏറ്റവും നന്നായി അറിയുന്നവനാകുന്നു. അവരുടെ അതിരുകവിച്ചിലിന് അല്ലാഹു അവർക്ക് പ്രതിഫലം നൽകുന്നതാണ്.

Al-An'aam 6:119Listen in Qur'an →
120

وَذَرُوا۟ ظَٰهِرَ ٱلْإِثْمِ وَبَاطِنَهُۥٓ ۚ إِنَّ ٱلَّذِينَ يَكْسِبُونَ ٱلْإِثْمَ سَيُجْزَوْنَ بِمَا كَانُوا۟ يَقْتَرِفُونَ

പാപത്തില്‍ നിന്ന് പ്രത്യക്ഷമായതും പരോക്ഷമായതും നിങ്ങള്‍ വെടിയുക. പാപം സമ്പാദിച്ച് വെക്കുന്നവരാരോ അവര്‍ ചെയ്ത് കൂട്ടുന്നതിന് തക്ക പ്രതിഫലം തീര്‍ച്ചയായും അവര്‍ക്ക് നല്‍കപ്പെടുന്നതാണ്‌.

ജനങ്ങളേ! പരസ്യമായോ രഹസ്യമായോ തിന്മ പ്രവർത്തിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കുക. തീർച്ചയായും രഹസ്യമായോ പരസ്യമായോ തെറ്റ് ചെയ്യുന്നവർ; അവർ സമ്പാദിച്ച തിന്മകൾക്കുള്ള പ്രതിഫലം അല്ലാഹു അവർക്ക് നൽകുന്നതാണ്.

Al-An'aam 6:120Listen in Qur'an →

Commentary: Al-Mukhtasar in Interpreting the Noble Qur'an by Tafsir Center for Quranic Studies. Qur'an text and translation via AlQuran Cloud.